ലണ്ടൻ: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദയാത്രകൾക്കുമായി മാറ്റിവയ്ക്കുന്ന യുവതലമുറയ്ക്കിടയിൽ, വിശ്വാസത്തിന്റെ വഴിയിലൂടെ 350 കിലോമീറ്റർ നടന്ന് ശ്രദ്ധേയനാകുകയാണ് മലയാളി യുവാവ് ഡെന്നിസ് ജോൺ.
പോർച്ചുഗലിലെ പോർട്ടോയിൽ നിന്ന് സ്പെയിനിലെ സാന്റിയാഗോ ഡി കൊംപൊസ്തേലോ വരെ ലോകപ്രശസ്തമായ കാമിനോ ഡി സാന്റിയാഗോ തീർഥയാത്ര പാതയിലൂടെ 11 ദിവസങ്ങൾകൊണ്ട് യാത്ര പൂർത്തിയാക്കിയാണ് ഡെന്നിസ് ശ്രദ്ധേയനാകുന്നത്.
അയർലൻഡിൽ ജനിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയ ഡെന്നിസ്, ജോൺ വി. പണിക്കരുടെയും ദീപ്തി ജോണിന്റെയും മകനാണ്. കുണ്ടറ ചൊവ്വള്ളൂർ സെന്റ് റീത്താസ് മലങ്കര സുറിയാനി കത്തോലിക്ക സഭാംഗമായ അദ്ദേഹം ലൂട്ടൺ സെന്റ് ജോർജ് മിഷൻ അംഗമാണ്.
യുകെയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ (യുസിഎൽ) നിന്ന് ബിരുദം നേടിയ ഡെന്നിസ് ജോൺ ലണ്ടനിലെ പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നു.
കാടുകൾ, മലനിരകൾ, കടൽത്തീരങ്ങൾ, ഗ്രാമീണ പാതകൾ എന്നിവയിലൂടെ കടന്നുപോകുന്ന കാമിനോ തീർഥയാത്ര ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ ആകർഷിക്കുന്ന ഒന്നാണ്. അതിൽ "കാമിനോ പോർച്ചുഗീസ് ദ കോസ്റ്റ'യുടെ ആത്മീയ വകഭേദമായ "വരിയാന്തെ എസ്പിരിച്വൽ' പാതയാണ് ഡെന്നിസ് തെരഞ്ഞെടുത്തത്.
യാത്രയ്ക്കിടെ അനുഭവിച്ച ചില നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും ആഴമേറിയ ആത്മീയ അനുഭവങ്ങളായിരുന്നുവെന്ന് ഡെന്നിസ് പറയുന്നു. മലമുകളിൽ മണിക്കൂറുകളോളം ആരെയും കാണാതെ നടന്ന ഒരു ഘട്ടത്തിൽ "സാൽവേ റെജീന' ഭക്തിഗാനം ആലപിച്ചതും വഴിയരികിലെ തീർഥാടകർക്കും നാട്ടുകാർക്കും ഇടയിൽ നിന്ന് ലഭിച്ച പ്രോത്സാഹനവും ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്നതായി അദ്ദേഹം പങ്കുവച്ചു.